ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു വ്യാഴാഴ്ച (ജൂലൈ ഒമ്പത്) തിരിതെളിയും.
അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ ജൂലൈ ഒമ്പത് മുതൽ 12 വരെ നടക്കുന്ന സമ്മേനത്തിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും.
കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോമലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.
2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത 25 വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ 14 ഫൊറോനകളിലായി, 54 ഇടവകകളും 33 മിഷൻ സെന്ററുകളും എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്.
അതുപോലെ 12000ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും നടത്തിവരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും.